ശരീരം നിറയെ വൃത്താകൃതിയിലുള്ള മുറിവുമായി ട്യൂണ മത്സ്യത്തെ കണ്ടെത്തി. ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടയിലാണ് ശരീരം നിറയെ മുറിവുള്ള ട്യൂണ മത്സ്യം കുടുങ്ങിയത്. ട്രാംപ്മാൻ ബെർമാഗ്വി ആണ് ഈ മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ചതും അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. പിടികൂടിയ ട്യൂണ മത്സ്യത്തിന്റെ ശരീരം നിറയെ വട്ടത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇതിൽ നിന്ന് ആഴത്തിൽ മാംസവും നഷ്ടമായിരുന്നു. വയറിനടിയിൽ നിന്നും മാംസം തുരന്നെടുത്ത നിലയിലായിരുന്നു മത്സ്യം.

ഹൊറർ സിനിമളിലെ ദൃശ്യം കാണന്നതിനു സമാനമായിരുന്നു മത്സ്യത്തിന്റെ മുറിവുകളെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. കുക്കി കട്ടർ സ്രാവിന്റെ ആക്രമണമേറ്റതാകാം ഇത്തരം മുറിവുകൾ മത്സ്യത്തിന്റെ ശരീരത്തിൽലെത്താൻ കാരണമെന്നാണ് നിഗമനം. ഈ വിഭാഗത്തിൽപ്പെട്ട സ്രാവുകൾ ജീവനുള്ള മത്സ്യങ്ങളുടെ ശരീരത്തിൽ നിന്ന് മാംസം ഭക്ഷിച്ച് അവയെ ഉപേക്ഷിക്കുകയാണ് പതിവ്. മൂർച്ചയേറിയതാണ് ഇവയുടെ പല്ലുകൾ. വട്ടത്തിൽ കടിക്കുക മാത്രമല്ല ആ മുറിവിൽ കടിച്ചുതൂങ്ങി മുകളിലോട്ടും താഴോട്ടും കീറുകയും ചെയ്യും ഈ സ്രാവുകൾ. മുറിവു വലുതായതിനു ശേഷം അതിനുള്ളില്‍ നിന്നുള്ള മാംസം ‘വലിച്ചെടുക്കുന്നതാണ്’ ഇവയുടെ രീതി. അതോടെ ഒരു ചെറുകുഴിക്കു സമാനമാകും മുറിവ്. ദ്വീപുകളോടു ചേർന്നു കാണപ്പെടുന്ന ഇവ മറ്റു സമുദ്രജീവികളെ ആക്രമിക്കുന്നതും ഇത്തരത്തിലാണ്. വമ്പൻ മത്സ്യങ്ങളെ വരെ ഇവ ഇത്തരത്തിൽ ആക്രമിച്ച് മാംസമെടുത്തു തിന്നാറുണ്ട്.

ഓസ്ട്രേലിയൻ തീരത്തടിയുന്ന പല കടൽജീവികളുടെയും ശരീരത്തിൽ ഇവയുണ്ടാക്കുന്ന മുറിവുകള്‍ കാണുന്നത് പതിവാണ്. കണവകളെയും ഇവ പൂർണമായി ഭക്ഷിക്കും. കുക്കി ബിസ്കറ്റുകൾ മുറിച്ചെടുക്കുന്നതിനുപയോഗിക്കുന്ന തരം കട്ടറുകൾക്കുള്ളത്ര മൂർച്ചയാണ് ഈ സ്രാവുകളുടെ പല്ലുകൾക്കുമുള്ളത്. ‘സിഗാർ ഷാർക്ക്’ എന്നും കുക്കികട്ടർ സ്രാവുകൾക്കു(Isistius brasiliensis) പേരുണ്ട്. ഡോഗ് ഫിഷ് ഷാർക് കുടുംബത്തിൽ പെടുന്നവയാണിവ. അതിനാൽത്തന്നെ വലുപ്പം കുറവാണ്. ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്കും ഇവയെ വേണ്ട. അതിനാൽത്തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ പട്ടികയിൽ വംശനാശഭീഷണി വളരെകുറച്ചു മാത്രമുള്ള ജീവിയാണ് കുക്കികട്ടർ സ്രാവുകൾ.

Post a Comment