മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം 7.25 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്നു. മിനിഞ്ഞാന്ന് ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. തൈക്കൂട്ടത്തിൽ വിജയനെയാണ് (62) ആക്രമിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ 3 വർഷമായി പെരുവാരത്തു വീടു വാടകയ്ക്കെടുത്താണു മഷിനോട്ടം നടത്തുന്നത്. ഇന്നലെ വീട്ടിലേക്കു കയറി വന്ന 2 പേർ മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാൾ തന്റെ മുഖലക്ഷണം പറയാമോ എന്നു ചോദിച്ചു.

പ്രശ്നങ്ങളുണ്ടെന്നു വിജയൻ പറഞ്ഞപ്പോൾ ഭാര്യയും കൂട്ടി വരാമെന്നും വിസിറ്റിങ് കാർഡ് വേണമെന്നും വന്നയാൾ ആവശ്യപ്പെട്ടു. വിസിറ്റിങ് കാർഡ് എടുക്കാൻ തിരിഞ്ഞപ്പോൾ വന്നവരിൽ ഒരാൾ തോർത്ത് ഉപയോഗിച്ചു വിജയന്റെ വായ് മൂടിക്കെട്ടിയ ശേഷം എന്തോ ദ്രാവകം മണപ്പിച്ചു ബോധം കെടുത്തി. തുടർന്നു മാല, ബ്രേസ്‌ലറ്റ്, 2 മോതിരം എന്നീ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കൊണ്ടുപോയി. ഒരു മണിക്കൂറിനു ശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ് വരെ പൊലീസ് നായ ഓടി.


Post a Comment