ഏഴ് വാക്കുകളായിരുന്നു ചീപ്പിലെഴുതിയിരുന്നത്. കാനാന്‍ ഭാഷയില്‍ ആദ്യമായി എഴുതപ്പെട്ട പൂര്‍ണ വാചകമാണിതെന്നാണ് ജെറുസലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകര്‍ പറയുന്നത്.

ലോകത്തെ ഏറ്റവും പഴക്കമുളളത് എന്നു കരുതപ്പെടുന്ന വാചകം കാനാൻദേശത്തെ ലക്കീഷ് എന്ന സ്ഥലത്തുനിന്നും കണ്ടെത്തി. വെങ്കല യുഗത്തിലെ കാനാൻകാരുപയോഗിച്ചിരുന്ന പേൻചീപ്പിലാണ് ഈ വാചകം കൊത്തിവെച്ചിരുന്നത്. 3,800 വർഷം പഴക്കമുള്ള പുരാതന ലിപിയിലാണ് ഇതെഴുതിയിരിക്കുന്നതെന്നാണ് പരിശോധിച്ച പുരാവസ്തു വിദഗ്ധർ പറയുന്നത്.

ഇരുവശങ്ങളിലും പല്ലുകളുള്ള, ആനക്കൊമ്പിൽ തീർത്ത പേൻചീപ്പിലാണ് എഴുത്ത് കൊത്തിവെച്ചിരുന്നത്. ‘ മുടിയിലെയും താടിയിലെയും പേനിനെ മുഴുവൻ ഈ കൊമ്പ് വേരോടെ പിഴുതെറിയട്ടെ’ എന്നാണ് ചീപ്പിൽ എഴുതിയിരിക്കുന്നതിന്റെ അർഥം. 3.5 സെന്റിമീറ്റർ നീളവും 2.5 സെന്റിമീറ്റര് വീതിയുമുണ്ടിതിന്. യൂദയാ സാമ്രാജ്യത്തിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു ലക്കീഷ്.

ഇന്നത്തെപ്പോലെ അന്ന് സ്പ്രേയോ മരുന്നുകളോ ഒന്നുമില്ലാതിരുന്നതിനാൽ ചീപ്പ് മാത്രമായിരിക്കാം പേൻനശീകരണത്തിനായി അവർ ഉപയോഗിച്ചിരുന്നത് എന്ന് ജെറുസലെം ഹീബ്രു സർവ്വകലാശാലയിലെ പുരാവസ്തുഗവേഷകനായ പ്രൊഫസർ യൂസഫ് ഗർഫിൻകൽ പറയുന്നു. 2017 ൽ ഈ ചീപ്പ് കണ്ടെത്തിയതാണെങ്കിലും ഇതിലെ എഴുത്ത് കഴിഞ്ഞ ഡിസംബറിലാണ് ശ്രദ്ധയിൽ പെട്ടത്. ചീപ്പിന്റെ കൃത്യമായ പഴക്കം കണ്ടുപിടിക്കാനായില്ലെങ്കിലും, ഗവേഷകരുടെ ഏകദേശ ധാരണയിൽ, 1700 ബിസിഇ യിലാകാം ഇത് നിർമിക്കപ്പെട്ടത്. ചീപ്പിന്റെ കൂടുതൽ ഭാഗങ്ങളും നശിച്ച അവസ്ഥയിലാണെങ്കിലും, അതിന്റെ ഒരുവശത്ത് മുടിയിലെ കുരുക്കഴിക്കാനായി ആറു വലിയ പല്ലുകളും, മറുവശത്ത് പേനിനെ നശിപ്പിക്കാനായി 14 ചെറിയ പല്ലുകളുമുള്ളതായി കാണാം.

Post a Comment