വിമാനം ആടിയുലഞ്ഞതിനിടെ ഗുരുതരമായി പരുക്കേറ്റയാൾ നാല് മാസത്തിന് ശേഷം മരിച്ചതായി സ്ഥിരീകരിച്ച് സ്പൈസ് ജെറ്റ്. അക്ബർ അൻസാരിയെന്ന 48കാരനാണ് വിമാനയാത്രയിലെ അപകടത്തെ തുടർന്ന് ദാരുണാന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ മെയ് ഒന്നിന് മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള ഫ്ലൈറ്റിലാണ് അക്ബർ അൻസാരി യാത്ര ചെയ്തിരുന്നത്. വിമാനം അനിയന്ത്രിതമായി ആടിയുലഞ്ഞതോടെ മൂന്ന് ക്യാബിൻ ക്രൂ അംഗങ്ങൾക്കും 14 യാത്രക്കാർക്കും സാരമായി പരുക്കേറ്റിരുന്നു.
നട്ടെല്ലിന് വീഴ്ചയിലേറ്റ ക്ഷതവും അതേത്തുടർന്ന് ഉണ്ടായ സെപ്സിസ് ഷോക്കുമാണ് മരണ കാരണമെന്ന് ദുർഗാപൂരിലെ ആശുപത്രി മരണ സർട്ടിഫിക്കറ്റിൽ പറയുന്നു.
വെന്റിലേറ്ററിലായിരുന്ന അൻസാരി സെപ്റ്റംബർ 26 ന് മരിച്ചു. എന്നാൽ അപകടമുണ്ടായതിന് പിന്നാലെ അൻസാരിക്ക് കൃത്യമായ ചികിൽസ കിട്ടിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. അന്ന് വിമാനത്തിലുണ്ടായിരുന്ന ഒരാൾക്ക് തലയ്ക്കാണ് പരുക്കേറ്റത്. വിമാനജീവനക്കാർ കുലുക്കത്തെ കുറിച്ച് ആളുകളെ ബോധവൽക്കരിച്ചിരുന്നില്ലെന്നും , അൻസാരിയുടെ സീറ്റ് ബെൽറ്റ് ആദ്യ ചാട്ടത്തിൽ അഴിഞ്ഞു പോയെന്നും ഒപ്പമുണ്ടായിരുന്ന സഹോദരൻ പറയുന്നു. സംഭവത്തിൽ ഡിജിസിഎ വിശദീകരണം തേടിയിരുന്നു.
1980 ലാണ് ഇതിന് മുൻപ് സമാനമായ അപകടം ഉണ്ടായത്. 132 പേരുമായി സഞ്ചരിച്ച ഇന്ത്യൻ എയർലൈൻസ് ആടിയുലഞ്ഞതിനെ തുടർന്ന് രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.

Post a Comment