ന്യൂഡല്‍ഹി: മുസ്‍ലിംകളെ മാത്രം ഒഴിച്ചുനിര്‍ത്തിയതിലൂടെ വിവാദമായ മോദി സര്‍ക്കാറിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരെയും അനുവദിക്കരുതെന്ന ഹിന്ദു ധര്‍മ പരിഷത്തിന്റെ ഹരജിയില്‍ സുപ്രീംകോടതി നടുക്കം പ്രകടിപ്പിച്ചു.

തുറന്ന കോടതിയില്‍ ഹരജി വായിച്ചുകേള്‍പ്പിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു വിചിത്രമായ ആവശ്യം കോടതിക്കുമുമ്ബാകെ ഉന്നയിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ഹരജിക്കാരോട് ചോദിച്ചു.

''ഒരുദിവസം വന്ന് ഇത്തരമൊരു ഹരജിയുമായി കോടതിക്കുമുന്നില്‍ എഴുന്നേറ്റു നില്‍ക്കുകയാണോ? അതിലേക്കൊന്ന് നോക്കൂ. തീര്‍ത്തും വിചിത്രമാണിത്'' ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ക്ഷുഭിതനായി. ഹരജി പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ച മറ്റു ഹരജികള്‍ക്കൊപ്പം പരിഗണിക്കുന്ന ചോദ്യമേ ഉദ്ഭവിക്കുന്നില്ല.

ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥ ചോദ്യംചെയ്തല്ല ഈ ഹരജി. കോടതിയോട് ഇത്തരം ആവശ്യം ഉന്നയിക്കാമോ? ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം പൗരത്വ നിയമത്തിനെതിരെ ആരും മിണ്ടരുതെന്ന് സുപ്രീംകോടതിക്ക് ഉത്തരവിടാന്‍ കഴിയുമോ എന്നും ജസ്റ്റിസ് കൗള്‍ ചോദിച്ചു.

ഹരജി 2020ല്‍ സമര്‍പ്പിച്ചതാണെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ ഇത് പിന്‍വലിക്കുന്നോ അതോ തങ്ങള്‍ തള്ളണമോ എന്ന് സുപ്രീംകോടതി ചോദിച്ചു. തുടര്‍ന്ന് പിന്‍വലിച്ച നിലയില്‍ ഹരജി തള്ളിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.


മലയോര വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന  LINK ക്ലിക്ക് ചെയ്യുക  👇👇👇

https://chat.whatsapp.com/IvBYmFO6VeeDhT2ApuKONI


Post a Comment