ദൃശ്യം' മോഡല്‍ കൊല ബിന്ദുമോനെ കൊന്നത് താനല്ല:മറ്റ് രണ്ട് പേരെന്ന് പ്രതി
ചങ്ങനാശേരി: 'ദൃശ്യം' മോഡല്‍ കൊലയില്‍, ബി.ജെ.പി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ (46) കൊന്നത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടു പേരാണെന്നും അറസ്റ്റിലായ പ്രതി ആലപ്പുഴ പാതിരപ്പള്ളി സ്വദേശിമുത്തുകുമാറിന്റെ മൊഴി .
വീട്ടില്‍ സംഘംചേര്‍ന്ന് മദ്യപിക്കുമ്പോൾ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് താന്‍ മുറ്റത്തിറങ്ങിയ സമയത്തായിരുന്നു കൊല. തന്നെ അവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് അയല്‍വീട്ടില്‍ നിന്ന് കമ്പിപ്പാരയും വാങ്ങി മൃതദേഹം അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തതെന്നും മുത്തുകുമാര്‍ പറഞ്ഞു.
അതേസമയം, കൃത്യത്തില്‍ പങ്കാളികളായ കോട്ടയം, വാകത്താനം സ്വദേശികളായ ബിബിന്‍, ബിനോയ് എന്നിവര്‍ കോയമ്പത്തൂരില്‍ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. ബിന്ദുമോന് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വാരിയെല്ല് തകര്‍ന്നു. ശരീരത്തിലാകെ ക്ഷതങ്ങളുണ്ട്.കൊലയുടെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. മുന്‍വൈരാഗ്യം മൂലമുള്ള ക്വട്ടേഷനാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീവിഷയമാണെന്ന അഭ്യൂഹങ്ങള്‍ പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ആലപ്പുഴ നോര്‍ത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തില്‍ കലവൂര്‍ മണ്ണഞ്ചേരി ഐ.ടി.സി കോളനിയില്‍ നിന്നാണ് മുത്തുകുമാറിനെ പിടികൂടിയത്. അവിടെയുള്ള സഹോദരിയെ വിളിച്ചതായി മൊബൈല്‍ ലൊക്കേഷനില്‍ കണ്ടെത്തി. സഹോദരിയെക്കൊണ്ട് വിളിപ്പിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്‌തത്. ചങ്ങനാശേരി പൊലീസിന് കൈമാറിയ പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.

Post a Comment