കൊല്ലം: കിളികൊല്ലൂരില്‍ പൊലീസ് സ്റ്റേഷനിലെ സംഭവത്തില്‍ സൈന്യം അന്വേഷണം തുടങ്ങി. പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്ബിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊലീസില്‍ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. സംഭവത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി വഴി പ്രതിരോധമന്ത്രിക്ക് പരാതി നല്‍കാനാണ് സൈനികന്റെ കുടുംബത്തിന്റെ തീരുമാനം.

.






ഒരു സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്. എന്നാല്‍ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തെങ്കിലും വൈകിയാണ് സൈനിക ക്യാമ്ബില്‍ പൊലീസ് വിവരമറിയിച്ചത്. സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം. അതിനാല്‍ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്. ഇതുണ്ടായില്ല. സംഭവം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.

വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും മര്‍ദിച്ചിട്ടില്ലെന്ന് വരുത്താന്‍ പൊലീസ് പുറത്തുവിട്ട വീഡിയോ അവര്‍ക്കുതന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പൊലീസുകാരന്‍ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയില്‍ ഇരുവരും താഴെവീഴുന്നതും വീഡിയോയിലുണ്ട്. പൊലീസ് സ്‌റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടില്ല. ഇതു മുഴുവന്‍ പൊലീസിനോട് സൈന്യം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.


എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സിഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് വിഘ്‌നേഷ് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വീഡിയോ പുറത്തു വന്നതോടെ എഫ് ഐ ആര്‍ വ്യാജമെന്നും തെളിഞ്ഞു.






സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കിയതും പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതും വിവാദമായതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

ഈ കേസിന് പിറകെ മിലിറ്ററി പൊലീസ് ഉണ്ടാകും. അതുകൊണ്ട് തന്നെ സൈനികനെ മര്‍ദ്ദിച്ചവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. മിലിറ്ററി പൊലീസിന് കേസെടുക്കാന്‍ കഴിയില്ലെങ്കിലും അവര്‍ക്ക് പ്രാഥമിക പരിശോധനകളിലൂടെ സത്യം ഉറപ്പിക്കാം. അതിന് ശേഷം സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കാം. അങ്ങനെ നല്‍കുന്ന ശുപാര്‍ശകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കിളികൊല്ലൂരില്‍ ക്രൂരത കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉറപ്പാണ്. സേനയില്‍ നിന്ന് തന്നെ അവരെ പറഞ്ഞ് അയയ്ക്കേണ്ടി വരും. സിബിഐ അന്വേഷണം സൈന്യം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നില്‍ക്കാനെന്നു പറഞ്ഞ് വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നില്‍ക്കാന്‍ കഴിയില്ല എന്ന് അറിയിച്ച വിഘ്നേഷ് സ്റ്റേഷനില്‍നിന്ന് തിരികെപ്പോകാന്‍ ശ്രമിച്ചു. ഇതിനിടെ വിഘ്‌നേഷിനെ തിരക്കി സ്റ്റേഷനിലേക്ക് എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സൈനികനെ സ്റ്റേഷനിനുള്ളിലേക്ക് ബലം പ്രയോഗിച്ച്‌ കൊണ്ടുപോകുകയുമായിരുന്നു.





ഈ പൊലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് സ്റ്റേഷനില്‍ പരാതി പറയാന്‍ ശ്രമിച്ച ഇവരെ പൊലീസുകാര്‍ സ്റ്റേഷനുള്ളില്‍ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. പിടിവലിയെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതോടെ മര്‍ദനം മാരകമായി. വിഘ്നേഷിനെ കൈവിലങ്ങ് അണിയിച്ച്‌ ശരീരമാസകലം ലാത്തിയും ബൂട്ടും ഉള്‍പ്പെടെ ഉപയോഗിച്ച്‌ മര്‍ദിച്ചു. വിഘ്നേഷിന് ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. വിഘ്നേഷിനെയും സഹോദരനെയും ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Post a Comment