ടോക്കിയോ : ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യുഎസിലെ ടെക്ക് ഭീമനുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മോസ്‌കോ കോടതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. റഷ്യയുടെ സാമ്ബത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന റോസ്ഫിന്‍ മോണിറ്ററിംഗ് ഏജന്‍സിയാണ് മെറ്റയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റള്‍ ഉള്‍പ്പെടെയള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ ആക്രമണം നടത്തുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ യുക്രെയ്‌നിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതിലൂടെ റഷോഫോബിയ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു. നേരത്തെ റഷ്യയില്‍ വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ യുഎസ് പൗരന്‍മാരുടെ പട്ടികയില്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെയും ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ മെറ്റ ഒരിക്കലും ആക്രമണത്തെ പ്രോത്സാഹിപ്പിച്ചിട്ടെന്നും റഷോഫോബിയ സൃഷ്ടിച്ചിട്ടില്ലെന്നും മെറ്റയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മോസ്‌കോ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. മെറ്റയുടെ ഹര്‍ജി മോസ്‌കോ കോടതി തള്ളുകയും ചെയ്തു.

എന്നാല്‍ യുക്രെയ്‌ന് നേരെ റഷ്യന്‍ സൈന്യം ആക്രമണം ആരംഭിച്ചത് മുതല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടികളാണ് റഷ്യ സ്വീകരിക്കുന്നത്. ഇതിന് പ്രതികാരമായി, യൂറോപ്പിലെ ടെക് കമ്ബനികള്‍ റഷ്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മാദ്ധ്യമങ്ങളെ തടയുകയും ചെയ്യുന്നുണ്ട്.

Post a Comment