കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ മുളിയാർ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ സ്വദേശിയായ ടി. രാഘവനാണ് (45) പിടിയിലായത്. അഴിമതിക്കെതിരായ വിജിലൻസ് ബോധവത്കരണ പരിപാടി കളക്ടറേറ്റിൽ നടക്കുന്നതിനിടെയാണ് അറസ്റ്റ്.
ബോവിക്കാനം സ്വദേശി അഷ്റഫിന്റെ അഞ്ചുസെന്റ് ഭൂമിക്ക് നികുതിയടയ്ക്കാൻ 5000 രൂപയാണ് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് അഷ്റഫ് വിജിലൻസിൽ പരാതിപ്പെട്ടു. വിജിലൻസിന്റെ നിർദേശപ്രകാരം ഫിനോഫ്തലിൻ പുരട്ടിയ അഞ്ഞൂറിന്റെ അഞ്ച് നോട്ടുകൾ അഷ്റഫ് രാഘവന് കൈമാറി. തൊട്ട് പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽനിന്ന് നോട്ടുകൾ കണ്ടെത്തി. വിജിലൻസ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എട്ടുമാസമായി നികുതി സ്വീകരിക്കാതെ വന്നതോടെയാണ് അഷ്റഫ് പരാതിയുമായി വിജിലൻസിലെത്തിയത്.

Post a Comment