ലോട്ടറിയുടെ രൂപത്തിൽ തേടി എത്തിയ ഭാഗ്യം എത്രയോ പേരുടെ ജീവിതം മാറ്റിയിട്ടുണ്ട്. കൂലിപ്പണിയെടുത്ത് ജീവിച്ച പലരും ഒരൊറ്റ രാത്രിയിൽ കോടീശ്വരൻമാരായി മാറിയിട്ടുമുണ്ട്. എന്നാൽ ആ പണം കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ചിലപ്പോൾ ജയിലിൽ വരെ കിടക്കേണ്ടി വരും.
അത്തരം ഒരു സംഭവമാണ് ദക്ഷിണ ഓസ്ട്രേലിയയിൽ ഉണ്ടായത്. 'പവർബോൾ' അടിച്ച ജോഷ്വാ വിൻസ്ലെറ്റ് എന്ന പ്ലംബറുടെ ജീവിതമാണ് ഒരു ലോട്ടറിയിലൂടെ മാറിമിറഞ്ഞത്. 2017-ൽ 22 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 117 കോടി ഇന്ത്യൻ രൂപ) ജോഷ്വയ്ക്ക് ലോട്ടറി അടിച്ചത്. എന്നാൽ തുടർന്നുള്ള ആഡംബരവും കുത്തഴിഞ്ഞതുമായ ജീവിതം ഇയാളെ ജയിലിലെത്തിക്കുകയായിരുന്നു.
ലോട്ടറി അടിക്കുമ്പോൾ 22 വയസ് മാത്രമായിരുന്നു ജോഷ്വോയുടെ പ്രായം. പണം കൈയിലെത്തിയതോടെ ഇയാൾ ആഡംബര ജീവിതം തുടങ്ങി. വീട്ടിൽ ദിവസവും ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചു. നിരോധിത ലഹരിമരുന്ന് പാർട്ടിയിൽ ഒഴുക്കി.
ഇതിനെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഇയാളുടെ അഡ്ലെയ്ഡിലെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 2.16 ഗ്രാം കൊക്കെയ്നും 27.3 ഗ്രാം എംഡിഎംഎയും ലൈസൻസില്ലാത്ത ഒരു കൈത്തോക്കും പോലീസ് പിടിച്ചെടുത്തു.
ലോട്ടറി തുകയുടെ ഒരു ഭാഗം ട്രസ്റ്റ് രൂപീകരിച്ച് ഇയാളുടെ മാതാപിതാക്കളാണ് കൈകാര്യം ചെയ്യുന്നത്. ഓസ്ട്രേലിയയിലും ന്യസീലൻഡിലും ഭൂമി വാങ്ങാനും പണം വിനിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള പണം ഉപയോഗിച്ചാണ് ഇയാൾ ലഹരി പാർട്ടികൾ സംഘടിപ്പിച്ചത്.

Post a Comment