ദുബായ് - ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വീണ്ടും ആവേശകരമായി. അവസാന ഓവറില്‍ ജയിച്ച പാക്കിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിക്ക് കണക്കു തീര്‍ത്തു. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ ഏഴ് റണ്‍സ് മതിയായിരുന്നു. ഒരോവര്‍ മുമ്പെ അനായാസ ക്യാച്ച് വിട്ട അര്‍ഷദീപ് സിംഗായിരുന്നു പന്തെറിഞ്ഞത്. രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയ ആസിഫ് അലി (8 പന്തില്‍ 16) തൊട്ടുപിന്നാലെ പുറത്തായി. എന്നാല്‍ ഇഫ്തിഖാര്‍ അഹമദ് വിജയം പൂര്‍ത്തിയാക്കി. പത്തൊമ്പതാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സ് വഴങ്ങിയത് നിര്‍ണായകമായി. സ്‌കോര്‍: ഇന്ത്യ ഏഴിന് 181, പാക്കിസ്ഥാന്‍ 19.5 ഓവറില്‍ അഞ്ചിന് 182.

കീപ്പിംഗിനിടെ പരിക്കേറ്റ കാലിന്റെ വേദനയുമായി ബാറ്റ് ചെയ്ത ഓപണര്‍ മുഹമ്മദ് രിസവാനാണ് (51 പന്തില്‍ 71) പാക്കിസ്ഥാന്റെ വിജയശില്‍പി. മുഹമ്മദ് നവാസ് 20 പന്തില്‍ 42 റണ്‍സടിച്ചു.


അത്യുജ്വലമായി തുടങ്ങിയ ഇന്ത്യയെ പിന്നീട് പാക് ബൗളര്‍മാര്‍ നിയന്ത്രിച്ചു നിര്‍ത്തിയെങ്കിലും ഏഴിന് 181 എന്ന മികച്ച സ്‌കോറിലെത്താന്‍ കഴിഞ്ഞു. വിരാട് കോലിയുടെ അര്‍ധ ശതകമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. സ്പിന്നര്‍മാരായ ശദാബ് ഖാനും (4-0-31-2) മുഹമ്മദ് നവാസുമാണ് (4-0-25-1) പാക് ബൗളിംഗില്‍ തിളങ്ങിയത്. നസീം ഷാ ഒരു വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ 45 റണ്‍സ് വഴങ്ങി. ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പിച്ചിരുന്നു.

ഇന്ത്യന്‍ ഓപണര്‍മാരായ രോഹിത് ശര്‍മയും (16 പന്തില്‍ 28) കെ.എല്‍ രാഹുലും (20 പന്തില്‍ 28) അക്രമാസക്തമായാണ് തുടങ്ങിയത്. 26 പന്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. എന്നാല്‍ സ്പിന്നര്‍ ശദാബ് ഖാനെ വിളിച്ച് പാക്കിസ്ഥാന്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചു. പാക്കിസ്ഥാനെതിരായ മത്സരങ്ങളിലെ ഏറ്റവും റണ്‍സ് പിറന്ന പവര്‍പ്ലേ ഓവറായിരുന്നു കണ്ടത്. 10.4 ഓവറില്‍ ഇന്ത്യ

100 പിന്നിട്ടു. 

പക്ഷെ അതിനു മുമ്പെ രോഹിതിനെയും രാഹുലിനെയും സൂര്യകുമാര്‍ യാദവിനെയും (10 പന്തില്‍ 13) പാക്കിസ്ഥാന്‍ മടക്കി. റിഷഭ് പന്ത് (12 പന്തില്‍ 14) ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവരെയും പാക്കിസ്ഥാന്‍ എളുപ്പം പുറത്താക്കി.

എന്നാല്‍ അപ്പോഴേക്കും വിരാട് കോലി (44 പന്തില്‍ 60) ഫോമിലെത്തിയിരുന്നു. 36 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ശേഷം കോലി കത്തിക്കയറി. കോലിയും ദീപക് ഹൂഡയും (14 പന്തില്‍ 16) ആറാം വിക്കറ്റില്‍ 37 റണ്‍സ് ചേര്‍ത്തു. ഇന്നിംഗ്‌സില്‍ രണ്ട് പന്ത് ശേഷിക്കെയാണ് കോലി റണ്ണൗട്ടായത്. 

Post a Comment