കോഴിക്കോട്-  കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷേക്കുണ്ടാക്കി വിൽപന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷേക്കിൽ കലക്കി കൊടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

 ജ്യൂസ് സ്റ്റാളിൽനിന്ന് ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകവും പിടികൂടി. സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്തു.


 സീഡ് ഓയിൽ രാസപരിശോധനക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. ദൽഹിയിൽനിന്നാണ് സംഘം കഞ്ചാവിന്റെ കുരു കൊണ്ടുവരുന്നത്. ഇത്തരത്തിലുള്ള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. 

വിദ്യാർഥികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളുകളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷേക്ക് അടിച്ചുവിൽപന നടത്തുന്നതായും ഇത്തരത്തിലുള്ള ഷേക്കിനെ കുറിച്ച് സോഷ്യൽ മീഡിയ വഴി വൻ പ്രചാരണം ലഭിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.

Post a Comment