തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെ.കെ.ശൈലജയ്ക്ക് മാഗ്സസെ പുരസ്കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് വിലക്കി സിപിഎം. 


പാർട്ടി കേന്ദ്ര നേതൃത്വമാണ് പുരസ്കാരം സ്വീകരിക്കുന്നത് വിലക്കിയതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 


നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് തിരെഞ്ഞെടുത്തത്. എന്നാൽ അവാർഡ് സ്വീകരിക്കാൻ സാധിക്കില്ലെന്ന് ശൈലജ മാഗ്സസെ ഫൗണ്ടേഷനെഅറിയിച്ചു.


ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മാഗ്സസെയുടെ പേരിലുള്ള പുരസ്കാരത്തിന് പരിഗണിക്കുന്ന കാര്യം ഫൗണ്ടേഷൻ ശൈലജയെ അറിയിച്ചിരുന്നു. 


തുടർന്ന് ജൂലൈ മാസം അവസാനം പുരസ്കാരത്തിന് അർഹയായ വിവരം മാഗ്സസെ

ഫൗണ്ടേഷൻ കെ.കെ.ശൈലജയെ അറിയിച്ചിരുന്നതായി ഡൽഹിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 


പുരസ്കാരം സ്വീകരിക്കാനുള്ള അവരുടെ താല്പര്യം ഫൗണ്ടേഷൻ ആരായുകയും ചെയ്തിരുന്നു.


പാർട്ടി കേന്ദ്രകമ്മറ്റി അംഗമായ ശൈലജ തുടർന്ന് പാർട്ടി നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. 


ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചതെന്നാണ് സിപിഎം വിലയിരുത്തുന്നത്. 


നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങൾ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാൽ വ്യക്തിഗത ശേഷിയുടെ പേരിൽ അവാർഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാർട്ടി കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്.



ഇതേത്തുടർന്ന് അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. 


കമ്മ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരേ പ്രവർത്തിച്ചയാളുടെ പേരിലുള്ള പുരസ്കാരം വാങ്ങുന്നത് അനുചിതമാണെന്നും പാർട്ടി വിലയിരുത്തി. എന്നാൽ വിഷയത്തിൽ സിപിഎം കേന്ദ്രനേതൃത്വം പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കെ.കെ.ശൈലജയും വ്യക്തമാക്കി.


കെ.കെ.ശൈലജയ്ക്കു 2022ലെ മഗ്സസെ പുരസ്കാരം ലഭിച്ചിട്ടും സ്വീകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതായി ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ആണ് റിപ്പോർട്ട് ചെയ്തത്. 


രണ്ട് പതിറ്റാണ്ട് മുൻപു ജ്യോതി ബസുവിനു പ്രധാനമന്ത്രിപദം നിരസിച്ചശേഷം സിപിഎം എടുത്ത രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണു പത്രം ഇതിനെ വിശേഷിപ്പിച്ചത്. 


നിപ്പയും കോവിഡും ഫലപ്രദമായി കൈകാര്യം ചെയ്തതിനു കേരളത്തെയും ശൈലജയെയും രാജ്യാന്തര മാധ്യമങ്ങൾ  പ്രകീർത്തിച്ചിരുന്നു.


ഏഷ്യയിലെ പരമോന്നത ബഹുമതിയാണ് റമൺ മഗ്സസെ അവാർഡ്. 


1957ൽ റോക്ക് ഫെല്ലർ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് ഏഷ്യയിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ആരംഭിച്ചത്. 1907 ഓഗസ്‌റ്റ് 31ന് ഇബായിൽ ജനിച്ച മഗ്‌സസെ ചുരുങ്ങിയ കാലംകൊണ്ടു ഫിലിപ്പീൻസിൽ മാത്രമല്ല, ലോക രാഷ്‌ട്രങ്ങൾക്കിടയിൽത്തന്നെ ആദരം നേടിയ നേതാവായിരുന്നു. പ്രസിഡന്റായി മൂന്നുവർഷവും മൂന്നുമാസവുമേ പ്രവർത്തിച്ചുള്ളൂ. 1957 മാർച്ച് 17നു വിമാനം തകർന്നായിരുന്നു മരണം.


ഇതിനകം മാഗ്സസെ അവാർഡ് നേടിയ ഇന്ത്യാക്കാർ


ആചാര്യ വിനോബാ ഭാവേ

ജയപ്രകാശ് നാരായൺ

മദർ തെരേസ

ബാബാ ആംതെ

അരുൺ ഷൂറി

ടി.എൻ. ശേഷൻ

കിരൺ ബേദി

മഹാശ്വേതാ ദേവി

വർഗ്ഗീസ് കുര്യൻ

കുഴന്തൈ ഫ്രാൻസിസ്

ഡോ. വി. ശാന്ത

അരവിന്ദ് കെജ്രിവാൾ

ടി.എം. കൃഷ്ണ

ഇള ഭട്ട്

Post a Comment