കോഴിക്കോട്: നാദാപുരം അരൂർ പെരുമുണ്ടശ്ശേരിയിൽ ഊമയായ യുവതിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയരായ രണ്ടുപേരും അറസ്റ്റിൽ. ബിജെപി അനുഭാവിയായ പിരക്കിൽ മീത്തൽ പ്രതീഷ് ഇന്ന് വൈകിട്ട് പിടിയിലായിരുന്നു. പെരുമുണ്ടശ്ശേരിയിലെ വീട്ടു പരിസരത്ത് വെച്ച് നാദാപുരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേസിലെ പ്രധാന പ്രതിയായ സിപിഎം അനുഭാവി മന്തംകണ്ടി രാജനും അൽപസമയം മുൻപ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ഇരുവരെയും വിശദമായി ചോദ്യംചെയ്ത് വരികയാണെന്ന് നാദാപുരം സിഐ അറിയിച്ചു. യുവതിയുടെ ബന്ധുക്കളാണ് നാദാപുരം പൊലീസിൽ ഇന്ന് പരാതി നൽകിയത്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവും ഊമയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവ് പുറത്തുപോയ സമയത്ത് യുവതിയുടെ വീട്ടിലെത്തിയ രാജൻ അകത്തു കയറി വാതിൽ അടച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് നേരിൽ കാണുകയായിരുന്നു.
ഇയാളെ കണ്ടതോടെ രാജൻ ഓടി മറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെയും അയൽവാസികളെയും വിവരം അറിയിച്ചെങ്കിലും യുവതിയും ഭർത്താവും സംസാരിക്കാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് യുവതിയുടെ ഭർത്താവ് ഒരു കടയിൽ നിൽക്കുന്ന സമയത്ത് അതുവഴി വന്ന രാജനെ സുഹൃത്തുക്കൾക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. ഇതോടെ വീടിനകത്ത് കണ്ട പ്രതി രാജനാണെന്ന് വ്യക്തമായി.
പലതവണ രാജൻ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് യുവതി ആംഗ്യ ഭാഷയിലൂടെ നാട്ടുകാരോട് പറഞ്ഞത്. രാജന് പുറമേ നേരത്തെ ഈ വീടിനടുത്ത് മറ്റൊരു വീട്ടിൽ ജോലിക്ക് വന്ന പ്രതീഷും തന്നെ പീഡിപ്പിച്ചതായി യുവതി പറയുകയായിരുന്നു. ഇതേ തുടർന്നാണ് ഇരുവർക്കും എതിരെ ബന്ധുക്കൾ പോലീസിൽ എത്തി പരാതി നൽകിയത്. പോലീസ് ഊമ ദമ്പതികളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിശദമായി മൊഴിയെടുത്തിട്ടുണ്ട്.
മലയോര വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന JOIN NOW ക്ലിക്ക് ചെയ്യുക 👇👇👇


Post a Comment