ദില്ലി:ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി ആധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാര്‍വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിൻ്റെ മാസ്ക് ചെയ്ത കോപ്പി മാത്രം നല്‍കണം. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേശമുണ്ട്.

പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ആധാര്‍ കാര്‍ഡ്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ് (Aadhaar card). സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമല്ല എല്ലാ സാമ്പത്തിക സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടുകള്‍, വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയുമായും ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നു. ആധാര്‍ കാര്‍ഡില്‍ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഏത് ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നീളമേറിയ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടകൊണ്ട് പലരും അതിനെ കീറിമുറിച്ച്‌ ലാമിനേറ്റ് ചെയ്യാറൊക്കെയുണ്ട്. പിന്നീട് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ആധാര്‍ കാര്‍ഡ് സൂക്ഷിക്കാമെന്നായി. എങ്കിലും ഒരു വ്യക്തിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന അതായത് ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ആധാര്‍ കാര്‍ഡ് ഇങ്ങനെ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശനങ്ങള്‍ സൃഷ്ടിക്കും. ഈ അവസരത്തിലാണ് യുഐഡിഎഐ (Unique Identification Authority of India) നല്‍കുന്ന പിവിസി (pocket-sized verifiable identity card) ആധാര്‍ കാര്‍ഡിന്റെ പ്രാധാന്യം.

എന്താണ് പിവിസി ആധാര്‍ കാര്‍ഡ് എന്നറിയണ്ടേ. എം-ആധാര്‍ (M-Aadhaar), ഇ-ആധാര്‍(e-aadhaar) എന്നിവ കൂടാതെ യുഐഡിഎഐ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോമാണ് ആധാര്‍ പിവിസി. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന പിവിസി ആധാര്‍ കാര്‍ഡ് യുഐഡിഎഐ നേരിട്ട് നല്‍കുന്നതാണ്. പോക്കറ്റില്‍ സൂക്ഷിക്കാവുന്ന വലിപ്പത്തില്‍ ലഭിക്കുന്ന പിവിസി കാര്‍ഡ് കൊണ്ടുപോകാന്‍ എളുപ്പവും ഈടുനില്‍ക്കുന്നതുമാണ്. യുഐഡിഎഐ നല്‍കുന്ന പിവിസി ആധാര്‍ കാര്‍ഡിന് ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുണ്ട്. ഒപ്പം ഡിജിറ്റല്‍ സൈന്‍ ചെയ്ത സുരക്ഷിത QR കോഡുമുണ്ട്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഇപ്പോള്‍ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം കാര്‍ഡ് ഉടമകളെ അവരുടെ ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് സൈസിലുള്ള പകര്‍പ്പ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാങ്ങുന്നതില്‍ നിന്ന് യുഐഡിഎഐ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒപ്പം സുരക്ഷിതമായ പിവിസി കാര്‍ഡുകള്‍ പുറത്തിറക്കുകയും ഇവ കാര്‍ഡ് ഉടമകളുടെ വിലാസത്തിലേക്ക് ഏജന്‍സി തന്നെ അയക്കും എന്നറിയിക്കുകയും ചെയ്തു. യുഐഡിഎഐ നേരിട്ട് നല്‍കുന്ന ആധാര്‍ പിവിസി ആധാര്‍ കാര്‍ഡ് മാര്‍ക്കെറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ നിലവാരമുള്ള പ്രിന്റിംഗും ലാമിനേഷനുമുള്ളതാണ്. കൂടാതെ ഇവ ജലത്തെ പ്രതിരോധിക്കുന്നതുമാണ്.

ആധാര്‍ പിവിസി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?

uidai.gov.in എന്ന ലിങ്ക് എടുക്കുക
'ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് (UID) നമ്പര്‍ / 16 അക്ക വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ (VID) നമ്പര്‍/ 28 അക്ക ആധാര്‍ എന്‍റോള്‍മെന്റ് നമ്ബര്‍ എന്നിവ നല്‍കുക.
വെരിഫിക്കേഷന്‍ നടത്തുക
വണ്‍ ടൈം പാസ്സ്‌വേര്‍ഡ് 'OTP' ജനറേറ്റ് ചെയ്യുക
'നിബന്ധനകളും വ്യവസ്ഥകളും' അംഗീകരിക്കുക
OTP നല്‍കുക
പ്രിന്റിംഗിനായി ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കുക
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാല്‍ ചാര്‍ജുകളും ഉള്‍പ്പെടെ) അടയ്ക്കുക.
എസ്‌എംഎസായി സര്‍വീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ള രസീതും ലഭിക്കും.
രസീത് ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.

Post a Comment