ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ പഠിക്കുന്ന സെബിൻ ലിബിനോ കുട്ടി കർഷകർക്കൊരു മികച്ച മാതൃകയാണെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അഭിപ്രായപ്പെട്ടു. സെബിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ഓഫീസർ പി രാജശ്രീ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഠനത്തോടൊപ്പം കൃഷിയിലും മികവ് തെളിയിച്ച് വീടിന്റെ പരിസരത്ത് മികച്ചൊരു കൃഷിയിടമൊരുക്കി കാർഷിക ആഭിമുഖ്യം തെളിയച്ചിരിക്കുകയാണ് ആറാം ക്ലാസ് വിദ്യാർഥിയായ കുട്ടിക്കർഷകൻ സെബിൻ ലിബിനോ .
കഴിഞ്ഞ വർഷം കോവിഡ് കാലത്ത് സ്കൂൾ കാർഷിക പ്രവത്തനങ്ങളിൽ ആകൃഷ്ടനായി കൃഷി ആരംഭിച്ച സെബിൻ ഈ വർഷം വളരെ വിപുലമായ കൃഷിയാണ് വീട്ടുപരിസരത്ത് നടത്തിയിട്ടുള്ളത്. ഒഴിവുസമയങ്ങളും അവധി ദിവസങ്ങളും കൃഷിക്കായി മാറ്റി വെച്ചിരിക്കുകയാണീ കുട്ടികർഷകൻ .
ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള കൃഷി വകുപ്പിന്റെ അവാർഡ് ലഭിച്ച ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ ഈ വർഷത്തെ ഏറ്റവും മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്ത് ആദരിച്ചത് സെബിനെയാണ്.
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ തനതു പദ്ധതി പ്രകാരം വീടുകളിൽ കൃഷി നടത്തിയ മുഴുവൻ വിദ്യാർഥികളെയും സർട്ടിഫിക്കറ്റും മെമന്റോയും നൽകി ആദരിച്ചു.
ചോളം പയർ പാവൽ പച്ചമുളക് ചീര വഴുതന വെണ്ട തക്കാളി കാന്താരി മുളക് വാഴ തുടങ്ങി വൈവിധ്യമാർന്ന വിളകൾ കൊണ്ട് സമ്പന്നമാണ് സെബിന്റെ കൃഷിയിടം.
വീട്ടിലെ കൃഷിക്ക് എല്ലാവിധ പിന്തുണയുമായി സെബിന്റെ വല്യമ്മയും വല്യച്ഛനുമായ ഓലിക്കൽ ലീലാമ്മയും ബേബിയും സഹോദരി സ്മയനയും പിതാവിന്റെ സഹോദരൻ ജിനോയും കൂടെയുണ്ട്.
വീടിന്റെ പരിസരത്ത് കൃഷിയിടത്തിൽ നടന്ന വിളവെടുപ്പിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഗ്രാമപഞ്ചായത്ത് അംഗം മഞ്ജുഷിബിൻ പിടിഎ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ എം പിടി എ പ്രസിഡന്റ് ജയ ഷിമിറ്റ് അധ്യാപകരും കൂട്ടുകാരും പങ്കാളികളായി.


Post a Comment