കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ബൂട്ടിട്ട് ചവിട്ടിയെന്ന ആരോപണം നേരിടുന്ന ചീഫ് വാര്‍ഡന്‍ ഡോ.സന്തോഷ് കുര്യാക്കോസ് അടക്കം ആറ് പേര്‍ പ്രിന്‍സിപ്പലിന് രാജിക്കത്ത് നല്‍കി.

ഇന്നലെ രാത്രിയില്‍ ഇ-മെയിലൂടെയാണ് ആറ് വാര്‍ഡന്‍മാരും രാജിക്കത്ത് നല്‍കിയത്. റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപം രൂക്ഷമായി. അതേ തുടര്‍ന്നാണ് രാജി വയ്ക്കുന്നതെന്നാണ് വാര്‍ഡന്‍മാരുടെ വിശദീകരണം. രാജി സ്വീകരിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിദ്യാര്‍ഥിയെ ബൂട്ടിട്ട് ചവിട്ടിയെന്ന പരാതിയില്‍ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചീഫ് വാര്‍ഡന് പ്രതികൂലമാവുമെന്ന് കരുതിയാണ് കൂട്ടരാജിയെന്ന് കോളേജ് യൂണിയന്‍ ആരോപിച്ചു. ചീഫ് വാര്‍ഡന്‍ ഡോ.സന്തോഷ് കുര്യാക്കോസിനെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് നിലപാടിലാണ് യൂണിയന്‍. മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ വൈകിട്ട് യോഗം വിളിച്ചിട്ടുണ്ട്

Post a Comment