നല്‍ഗൊണ്ട: മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയ ആള്‍ പരാതി പറയാന്‍ വിളിച്ചത് പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെ (Police Control Room) 100 എന്ന നമ്ബരില്‍

ഭാര്യ മട്ടന്‍ കറി (Mutton Curry) വെച്ച്‌ നല്‍കുന്നില്ലെന്നായിരുന്നു പരാതി. അതും ഒരു തവണയല്ല, തുടര്‍ച്ചയായി ആറു തവണ നൂറിലേക്ക് വിളിച്ചു. വൈകാതെ പൊലീസ് സംഘം വീട്ടിലെത്തി, ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെലങ്കാനയിലെ നല്‍ഗൊണ്ടയ്ക്കടുത്താണ് സംഭവം. നവീന്‍ എന്നയാളാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ഭാര്യ മട്ടന്‍ കറി ഉണ്ടാക്കി നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ശനിയാഴ്ച രാവിലെയോടെ, നല്‍ഗൊണ്ട കനഗലിലെ ചെര്‍ള ഗൗരാരം ഗ്രാമത്തിലെ നവീന്‍റെ വീട്ടിലേക്ക് ഒരു സംഘം പോലീസുകാര്‍ എത്തി, നവീനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഈ സമയം താന്‍ തലേന്ന് നൂറിലേക്ക് വിളിച്ചതൊന്നും നവീന് ഓര്‍മ്മയില്ലായിരുന്നുവെന്നതാണ് വാസ്തവം. മദ്യലഹരിയില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ സംഭവം നിസാരമായി കാണാന്‍ പൊലീസ് ഒരുക്കമായിരുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 290, 510 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ച്‌ ശല്യമുണ്ടാക്കുന്നതിനും, പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമുള്ള വകുപ്പുതശാണിവ. സെക്ഷന്‍ 290 പ്രകാരം പിഴ ചുമത്തപ്പെടുമ്ബോള്‍, സെക്ഷന്‍ 510 ഒരു ദിവസത്തെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തപ്പെടാം.

വെള്ളിയാഴ്ച രാത്രി മദ്യപിച്ച്‌ ആട്ടിറച്ചിയുമായി വീട്ടിലേക്ക് മടങ്ങിയ നവീന്‍ അത് പാകം ചെയ്യാന്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തുടച്ചയായി മദ്യപിച്ചെത്തുന്ന നവീന്‍റെ സ്വഭാവം കാരണം ഭാര്യ അത് ചെയ്യാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് നൂറില്‍ വിളിച്ച്‌ പരാതി പറഞ്ഞത്. തുടര്‍ച്ചയായി ആറു തവണ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ഇയാള്‍ ശല്യം ചെയ്തു. ഇതോടെയാണ് നവീനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. പിറ്റേ ദിവസം രാവിലെ തന്നെ പൊലീസ് സംഘം നവീന്‍റെ വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

അപകടമുണ്ടാകുമ്ബോഴോ അടിയന്തര സാഹചര്യങ്ങളിലോ ആളുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള ഫോണ്‍ നമ്ബരാണ് 100. ഈ ​​സൗകര്യം ദുരുപയോഗം ചെയ്യരുതെന്ന് കണഗല്‍ എസ്‌ഐ നാഗേഷ് പറയുന്നു. അപ്രസക്തമായ ഒരു കാര്യത്തിന് 100ല്‍ വിളിച്ച്‌ പോലീസുകാരുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് നവീനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Post a Comment