സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ ഇനി പ്രത്യേക സംഘം. ആക്ഷേപങ്ങള്‍ ഒഴിവാക്കാനാണ് സംഘത്തെ നിയോഗിക്കുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. നമുക്കൊരുവഴിയുണ്ടാക്കാം എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്.

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചിട്ടുണ്ട്. റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്. എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച്‌ സമഗ്രമായി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരുപം-

പൊതുമരാമത്ത് വകുപ്പില്‍ റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ പ്രത്യേക ടീം..

കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്.

എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച്‌ സമഗ്രമായി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും.


Post a Comment