പാലാ: രണ്ടു വര്‍ഷം മുന്‍പ് പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും, കേസില്‍ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെണ്‍കുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇരയുടെ സഹോദരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു

നീലൂര്‍ നൂറുമല മാക്കല്‍ ജിനുവി(31)നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. 2019-ല്‍ 17 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസ് പ്രായമുണ്ട്. ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയില്‍ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്ബും ഇതിന്റെ വാദം ഉണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം രണ്ടാഴ്ച മുമ്ബാണ് പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീഡിപ്പിച്ചതായി വ്യക്തമായത്. കേസില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭര്‍ത്താവ് എന്ന മട്ടില്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു

മേലുകാവ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇന്നലെ പ്രതി ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ കേസിലാണ് അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Post a Comment