തിരുവമ്പാടി:വിദ്യാർഥികളുടെ പഠനം വീണ്ടും ഓൺലൈനിലേക്ക് മാറിയപ്പോൾ മലയോരമേഖലയിലെ പലയിടങ്ങളിലും മൊബൈൽ റേഞ്ച് ലഭിക്കുന്നില്ലെന്ന് പരക്കെ പരാതി.
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, പൊന്നാങ്കയം, പള്ളിപ്പടി, മുളങ്കടവ്, കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്, കുളിരാമുട്ടി, ഉറുമി, പീടികപ്പാറ, അനയോട്മല, കള്ളിപ്പാറ, പീടികപ്പാറ, മഞ്ഞക്കടവ്, കക്കാടംപൊയിൽ എന്നിവിടങ്ങളിലാണ് മൊബൈൽ ഫോൺ സംവിധാനം ഇടയ്ക്കിടെ പ്രതിസന്ധി നേരിടുന്നത്.
പീടികപ്പാറ പ്രദേശത്ത് ബി.എസ്.എൻ.എൽ. ഫോണുകൾക്കാണ് റേഞ്ച് പ്രശ്നം തുടരുന്നത്. മൊബൈൽ ടവറിന്റെ പ്രവർത്തനക്ഷമതയില്ലായ്മയാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. മറ്റുപ്രദേശങ്ങളിൽ സ്വകാര്യ മൊബൈൽ ഫോൺ കമ്പനികളുടെ നെറ്റ് വർക്ക് പ്രശ്നമാണ് നേരിടുന്നത്.
പരിധിക്ക് പുറത്തെന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ നിലയ്ക്കുന്നത് വിദ്യാർഥികളെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് പോകുമ്പോൾ പ്രശ്നം സങ്കീർണമാകും.
മേഖലയിലെ മൊബൈൽ നെറ്റ്വർക്ക് പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് പൂവാറൻതോട് വാർഡ് മെമ്പർ എൽസമ്മ ജോർജ് ആവശ്യപ്പെട്ടു

Post a Comment