കോഴിക്കോട്: ജില്ലാ ശിശുക്ഷേമസമിതിക്ക് മുന്നിൽ വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ പരാതിപ്രവാഹം. പെൺകുട്ടികളുടെ പരാതി കേൾക്കാനായിരുന്നു ഞായറാഴ്ച സമിതി അടിയന്തരയോഗം ചേർന്നത്. ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ ശനിയാഴ്ച രാത്രി ശിശുക്ഷേമസമിതി അംഗങ്ങളിലൊരാളുടെ വീട്ടിലായിരുന്നു പോലീസ് ഹാജരാക്കിയത്. അതിനാൽ ഇവരുടെ പരാതികൾ കേൾക്കാനോ പരിഹാരം നിർദേശിക്കാനോ ഉള്ള അവസരം സമിതിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് അടിയന്തരയോഗം ചേർന്നത്.
മുതിർന്ന കുട്ടികളിൽനിന്ന് മർദനവും മറ്റ് പീഡനങ്ങളുമുണ്ടാകുന്നുവെന്ന പരാതി പെൺകുട്ടികൾ സമിതിയെ അറിയിച്ചതായി ഇവരിലൊരാളുടെ അമ്മ പറഞ്ഞു. അതുപോലെ സിഗരറ്റും മറ്റും പല പെൺകുട്ടികൾക്കും ലഭിക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ മതിലിന്റെ പിൻഭാഗത്തുകൂടി ആൺകുട്ടികളാണ് ഇതെത്തിക്കുന്നതെന്നും അവർ പറഞ്ഞു.
ഭക്ഷണകാര്യങ്ങളിൽ പരാതിയില്ലെങ്കിലും സ്വന്തം വീട്ടിൽ പോകുന്നതിനും പഠന-വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും അധികൃതർ നിഷേധസമീപനമാണ് പുലർത്തുന്നതെന്ന് പെൺകുട്ടികൾ പരാതിപ്പെട്ടു.
കുട്ടികളുടെ പരാതികൾ അനുഭാവപൂർവം കേട്ടെന്നും പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സമിതി വ്യക്തമാക്കി. പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള തീരുമാനമേ അധികൃതരിൽനിന്ന് ഉണ്ടാകാവൂവെന്നും സമിതി നിർദേശിച്ചു. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ ക്ഷേമകാര്യങ്ങളിലും വൈദ്യസഹായം നൽകുന്നതിലും യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും
ഇതിന്റെയെല്ലാം പൂർണചുമതല ഹോം സൂപ്രണ്ടിനാണെന്നും പി.എം. തോമസ് അധ്യക്ഷനായ സമിതി വ്യക്തമാക്കി. പെൺകുട്ടികൾക്ക് കൗൺസലിങ് നൽകണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൾ ബാരി, സി.ഡബ്ല്യു.സി. അംഗങ്ങളായ യു. സോണി, കെ.വി. സ്മിത, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പ്രതിനിധിയും പ്രൊട്ടക്ഷൻ ഓഫീസറുമായ നുസൈബ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
യുവാവ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ സംഭവംരണ്ട് പോലീസുകാർ വീഴ്ചവരുത്തിെയന്ന് സൂചന
സിറ്റി പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ സിറ്റി പോലീസ് മേധാവി എ.വി. ജോർജിന് അന്വേഷണറിപ്പോർട്ട് നൽകി.
സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷാണ് ഞായറാഴ്ച വൈകീട്ട് റിപ്പോർട്ട് നൽകിയത്. തിങ്കളാഴ്ച റിപ്പോർട്ടിൽ നടപടിയുണ്ടാകും.
പാറാവുകാരായ രണ്ട് പോലീസുകാർക്കെതിരേ നടപടിയുണ്ടാവുമെന്നാണ് സൂചന. ഇവർ വീഴ്ചവരുത്തിെയന്നാണ് റിപ്പോർട്ടിലുള്ളത്. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി പേരടി വീട്ടിൽ ഫെബിൻ റാഫി(26)യാണ് ചേവായൂർ പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്. തിരച്ചിലിനൊടുവിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽ പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയ രണ്ടു മലയാളി യുവാക്കളിൽ ഒരാളാണിയാൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം വാങ്ങി നൽകിയെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. കർണ്ണാടകയിലെ ഹോം സ്റ്റേയിൽ മുറിയെടുക്കാൻ സഹായിച്ചതും ഇയാളായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയപ്പോൾ പരിചയപ്പെട്ടവരാണ് ഇരുവരുമെന്നും മുൻപരിചയമൊന്നും ഇവരുമായി ഇല്ലെന്നുമാണ് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു


Post a Comment