ഇന്റര്‍നെറ്റ് ലോകത്ത് ഫിഷിംഗ് (phishing), മാല്‍വെയര്‍ (malware), റാന്‍സംവെയര്‍ (ransomware), സ്പൈവെയര്‍ (spyware) തുടങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ (cyber crimes) വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്

പേയ്‌മെന്റുകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നതിനൊപ്പം സൈബര്‍ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

അനാവശ്യമായ ലിങ്കുകളോ ഇ-മെയിലോ സംബന്ധിച്ച്‌ സര്‍ക്കാരിന്റെയും പോലീസിന്റെയും അറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണം. കാരണം, സൈബര്‍ തട്ടിപ്പുകാര്‍ പലപ്പോഴും യഥാര്‍ത്ഥ രൂപത്തിലുള്ള വെബ്‌സൈറ്റ് ഉണ്ടാക്കുകയും തുടര്‍ന്ന് ആളുകള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ അവരെ കബളിപ്പിക്കുന്ന രീതിയുമാണ് പിന്തുടരുന്നത്.

ഇപ്പോള്‍, ആന്‍റിവൈറസ് സോഫ്‌റ്റ്‌വെയറുകളും മറ്റും ഉള്ളതിനാല്‍ മാല്‍വെയറുകളില്‍ നിന്നും വൈറസുകളില്‍ നിന്നും നിങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണ്. എങ്കിലും ചില തട്ടിപ്പ് വെബ്സൈറ്റുകളുടെ ചതിക്കുഴിയില്‍ വീഴുന്നത് തടയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

ഡൊമെയ്‌നിന്റെ പേര്
ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്ബോള്‍ നിങ്ങളെ ഏതെങ്കിലും വെബ്‌സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യുകയാണെങ്കില്‍, ഡൊമെയ്‌നിന്റെ പേര് പരിശോധിച്ച്‌ ഉറപ്പാക്കുക. ആമസോണ്‍ അല്ലെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ട് പോലുള്ള ജനപ്രിയ സൈറ്റുകളുടെ വിലാസത്തിന് സമാനമായ വിലാസങ്ങളാണ് തട്ടിപ്പുകാര്‍ പലപ്പോഴും ഉണ്ടാക്കുന്നത്.

എന്നാല്‍ ഇവ സൂക്ഷ്മമായി പരിശോധിക്കുമ്ബോള്‍ പേരില്‍ എന്തെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ വെബ്സൈറ്റാണോ വ്യാജമാണോ എന്ന് കൃത്യമായി മനസ്സിലാക്കുക.

സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉപയോഗിക്കുക
നിങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യേകിച്ച്‌ പുതിയ സൈറ്റുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുമ്ബോഴെല്ലാം, സുരക്ഷിതമായ പേയ്‌മെന്റ് ഗേറ്റ്‌വേ തിരഞ്ഞെടുക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും നിര്‍ണായക വിവരങ്ങള്‍ നല്‍കുമ്ബോള്‍, കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. പേപാല്‍ (Paypal), പേടിഎം (Paytm), റേസര്‍പേ (Razorpay) പോലുള്ള വിശ്വസനീയ ഗേറ്റ്‌വേകള്‍ ഉപയോഗിക്കുക.

അഡ്രസ് ബാര്‍
വെബില്‍ സര്‍ഫ് ചെയ്യുമ്ബോഴെല്ലാം, പേജിന്റെ മുകളിലുള്ള 'https://' എന്ന ഭാഗം ഉണ്ടെന്ന് ഉറപ്പാക്കുക. വെബ്‌സൈറ്റ് സുരക്ഷിതമാണെന്നും ഡാറ്റ കൈമാറുന്നതിന് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെയുള്ള 'എസ്' സൂചിപ്പിക്കുന്നു. എന്നാല്‍ 'എസ്' ഇല്ലെങ്കില്‍ അത് വെബ്‌സൈറ്റ് വ്യാജമാണെന്ന് അര്‍ത്ഥമാക്കുന്നില്ല, എന്നാല്‍ അത്തരം സൈറ്റുകളില്‍ നിങ്ങളുടെ സ്വകാര്യ ഡാറ്റകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

സ്കാന്‍ ചെയ്യുക
നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വെബ്സൈറ്റ് സുരക്ഷിതമാണോ അല്ലയോ എന്ന് ഉറപ്പാക്കുന്ന വിവിധ വെബ്സൈറ്റ് സ്കാനറുകള്‍ ഉണ്ട്. UpGuard, SiteGuarding, Quttera എന്നിവ പോലുള്ള ഈ ടൂളുകള്‍ വ്യാജ വെബ്‌സൈറ്റ് കണ്ടെത്തുന്നതിന് സഹായിക്കും. മാല്‍വെയര്‍ അപകടസാധ്യത സൈറ്റുകള്‍ സ്കാന്‍ ചെയ്യുന്നത് വഴി കണ്ടെത്താനാകും. ഈ സോഫ്‌റ്റ്‌വെയറുകളിലൂടെ സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് നിങ്ങള്‍ക്ക് അധിക സുരക്ഷ നല്‍കും

ലോക്ക് ചെയ്യാം
നിങ്ങള്‍ വെബ്‌സൈറ്റിന്റെ വിലാസം സൂക്ഷ്മമായി പരിശോധിക്കുമ്ബോള്‍ ഒരു പാഡ്‌ലോക്ക് ഐക്കണ്‍ നിങ്ങള്‍ക്ക് കാണാം. TLS/SSL സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നാണ് ഈ ഐക്കണ്‍ നല്‍കുന്ന സൂചന.

ഇത് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ലോക്കില്‍ ക്ലിക്കുചെയ്യാം, തുടര്‍ന്ന് 'Connection is secure' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പാസ്‌വേഡുകളും ക്രെഡിറ്റ് കാര്‍ഡ് നമ്ബറുകളും പോലുള്ള നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്‌സ്‌റ്റ് ബോക്‌സ് ദൃശ്യമാകും.

Post a Comment